പുൽപ്പള്ളി: ജില്ലയിൽ കൃഷിയെ വീണ്ടെടുക്കാൻ "മിഷൻ 2030’ നിയമസഭയിൽ സമർപ്പിക്കാൻ പദ്ധതി രേഖ തയാറാക്കി കർഷകോത്തമ അവാർഡ് ജേതാവ് റോയ് ആന്റണി.
കടുത്ത വരൾച്ചയും വന്യജീവി ശല്യവുംമൂലം തകർച്ച നേരിടുന്ന വയനാടിന്റെ കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ വിപുലമായ കർമരേഖയാണ് തയാറാക്കിയത്. 2026ലെ നിയമസഭാ സമ്മേളനത്തിൽ ജനപ്രതിനിധികൾ മുഖേന സർക്കാരിന് സമർപ്പിക്കാനായി തയാറാക്കിയ നിർദേശങ്ങളിൽ കാവേരി ജലവിനിയോഗം മുതൽ ആധുനിക വന്യമൃഗപ്രതിരോധ വേലികൾ വരെ ഉൾപ്പെടുന്നു. 2030ഓടെ ജില്ലയെ പൂർണമായ കാർഷിക സമൃദ്ധിയിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വരൾച്ച തടയാൻ "ഫാം ടു ഫാം’ പൈപ്പ് ലൈൻ
ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി പഞ്ചായത്തുകളിലെ രൂക്ഷമായ വരൾച്ച പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കം വേണമെന്ന് നിർദേശത്തിൽ പറയുന്നു. കാവേരി ട്രിബ്യൂണൽ വിധിപ്രകാരം അനുവദിക്കപ്പെട്ട ജലം പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം. കുടിവെള്ള പദ്ധതികളുടെ മാതൃകയിൽ ഓരോ കൃഷിയിടത്തിലേക്കും നേരിട്ട് ജലമെത്തിക്കുന്ന "ഫാം ടു ഫാം’ ശൃംഖല നടപ്പിലാക്കണമെന്നതാണ് പ്രധാന ആവശ്യം.
വന്യമൃഗങ്ങളെ തടയാൻ "ടൈഗർ നെറ്റും’ തൂക്കുവേലികളും
കർണാടകയിലും അസമിലും പരീക്ഷിച്ച് വിജയിച്ച ടൈഗർ നെറ്റുകൾ, തൂക്കുവേലികൾ എന്നിവ വയനാടൻ അതിർത്തികളിൽ സ്ഥാപിക്കണം. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാൻ വനത്തിനുള്ളിൽ കുഴൽ കിണറുകൾ നിർമിച്ച് സൗരോർജ പന്പുകൾവഴി ജലസമൃദ്ധി ഉറപ്പാക്കണം.
കൂടാതെ വനത്തിനുള്ളിലെ ഏകവിളകളായ തേക്കിൻകൂപ്പുകൾ വെട്ടിമാറ്റി ഫലവൃക്ഷങ്ങളും മുളങ്കാടുകളും വച്ചുപിടിപ്പിക്കുന്നത് മൃഗങ്ങൾക്ക് കാടിനുള്ളിൽ തന്നെ ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ സഹായിക്കും.
കുരുമുളക് കൃഷിയുടെ പുനരുജ്ജീവനവും അന്പലവയൽ ആർഎആർഎസും
വയനാടിന്റെ കറുത്ത പൊന്നായ കുരുമുളകിന്റെ പ്രതാപം വീണ്ടെടുക്കാൻ അന്പലവയൽ കാർഷിക ഗവേഷണ കേന്ദ്രവും സെന്റർ ഓഫ് എക്സലൻസും പുനഃസംഘടിപ്പിക്കണം.
13 കോടി രൂപ ചെലവിൽ ഡച്ച് സാങ്കേതിക വിദ്യയിൽ നിർമിച്ച സെന്റർ ഓഫ് എക്സലൻസ് പ്രദർശന വസ്തുവായി തുടരുന്നതിനെതിരേ രൂക്ഷവിമർശനമാണ് ഉയരുന്നത്.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന രോഗബാധയുള്ള ചെടികൾ തടയുക. ടിഷ്യു കൾച്ചർ ലാബ് വഴി വൈറസ് വിമുക്തമായ തനത് ഇനങ്ങൾ കർഷകർക്ക് ലഭ്യമാക്കുക. ഗവേഷകർ കൃഷിയിടങ്ങളിലേക്ക് നേരിട്ടെത്തുന്ന "ഫീൽഡ് വിസിറ്റ്’ നിർബന്ധമാക്കുക. തുടങ്ങിയവയാണ് നിർദേശങ്ങൾ. ഈ നിർദേശങ്ങൾ നിയമസഭയിൽ അവതരിപ്പിക്കപ്പെടുന്നതോടെ വയനാടിന്റെ കിഴക്കൻ മേഖലയിലെ കാർഷിക പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് കർഷകരുടെ പ്രതീക്ഷയെന്ന് റോയ് ആന്റണി പറഞ്ഞു.